ലളിത ധാര ഉദ്ഘാടനം ചെയ്തു

മുംബൈ: ഡോംബിവില്ലിയിലെ പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം പ്രമുഖ സംഘാടകയും ഫെമിനിസ്റ്റും ജെൻഡർ ആക്ടിവിസ്റ്റുമായ ലളിതധാര ഉദ്ഘാടനം ചെയ്തു.കാസാരിയോ ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച ട്രൂ ഇന്ത്യൻ വാർഷിക ആഘോഷ പരിപാടിയിൽ അംബിക വാരസ്യാർ , ടി.ആർ. ചന്ദ്രൻ, ഡോ .ശശികല പണിക്കർ , സുമ മുകുന്ദൻ , വിജിതാശ്വൻ നായർ , ഗിരീഷ് നായർ , മിനി വേണുഗോപാൽ എന്നിവർ പങ്കെടുത്തു . മുംബൈയിലെ അറിയപ്പെടുന്ന അവതാരകയായ സിന്ധു നായർ പരിപാടികൾ നിയന്ത്രിച്ചു.നർത്തകി ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിച്ചു . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൂറോളം നൃത്തവിദ്യാർഥികളുടെ ഭരതനാട്യം ശൈലിയിലുള്ള നൃത്ത വിരുന്നും ശ്രദ്ധേയമായി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ എഴുത്തുകാരുടെ കൃതികൾ നൃത്തരൂപത്തിലാക്കി ജനങ്ങളിൽ എത്തിക്കാനായി വുമൺ കി ബാത്ത് എന്ന യുട്യൂബ് ചാനൽ നടത്തുന്ന ലളിതധാര ബാലാമണി അമ്മയുടെ കവിതയും നൃത്തശിൽപ്പമായി രൂപപ്പെടുത്തിയിട്ടുണ്ട് . വഡാലയിലെ ഡോ. അംബേദ്കർ കോളേജ് ഓഫ് കൊമേഴ്സിൽ വൈസ് പ്രിൻസിപ്പലായി വിരമിച്ച ലളിതധാര സാവിത്രിഭായി ഫുലെയുടെ ഇംഗ്ലീഷിലുള്ള കവിതകളുടെ പരിഭാഷയും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.











